തിരുവനന്തപുരം: ലോക മാരിടൈം ഭൂപടത്തിൽ കേരളത്തെ വൻശക്തിയായി ഉയർത്തുന്നതിനുള്ള മിഷൻ സമുദ്ര ബജറ്റിൽ പ്രഖ്യാപിച്ചു. കേരളത്തെ ഒരു പോർട്ട് സിറ്റിയാക്കി മാറ്റുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. മിഷൻ സമുദ്ര പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തി. കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശവും തുറമുഖങ്ങളും ജലസ്രോതസുകളുമെല്ലാം ബന്ധപ്പെടുത്തിക്കൊണ്ടാണ് മിഷൻ സമുദ്ര വിഭാവനം ചെയ്യുന്നത്.
വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്കു ചുറ്റും നിർമാണ മേഖലകൾ, സ്റ്റഫിംഗ് സെന്ററുകൾ, ഡ്രൈ പോർട്ട് എന്നിവ ആരംഭിക്കും. ആഗോള ഷിപ്പിംഗ് വ്യവസായം ഹരിത ഇന്ധനങ്ങളിലേക്കു മാറിയ അവസരം പ്രയോജനപ്പെടുത്തി ഗ്രീൻ ബങ്കറിംഗ് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയർത്തും. മദർഷിപ്പ് നിർമാണം, അവയുടെ അറ്റകുറ്റപ്പണി എന്നിവ ലക്ഷ്യമാക്കി കപ്പൽ നിർമാണ കേന്ദ്രം സ്ഥാപിക്കും. ഇതിനായി ആവശ്യമായ സ്ഥലം ഏറ്റെടുത്ത് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കും. ഇത്തരത്തിലുണ്ടാകുന്ന തൊഴിലവസരങ്ങളിൽ തീരപ്രദേശത്തു ജീവിക്കുന്ന സാധാരണക്കാർക്കു സംവരണം നൽകും.
കേരള മാരിടൈം നയം രൂപീകരിക്കും. നോണ് മേജർ തുറമുഖങ്ങളുടെ വികസനം, കടൽ വഴിയുള്ള ചരക്കു ഗതാഗതം, തുറമുഖ അധിഷ്ഠിത വ്യവസായങ്ങൾ, തുറമുഖ ഭൂമികൾ, കെട്ടിടങ്ങൾ, മറ്റ് ആസ്തികൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി സ്വകാര്യ പങ്കാളിത്തത്തോടെ മാരിടൈം ടൂറിസം, ലോജിസ്റ്റിക്സ്, മാരിടൈം വ്യവസായം, മാരിടൈം നിയമ വിദ്യാഭ്യാസം, മാരിടൈം മ്യൂസിയം എന്നിവയെല്ലാം മാരിടൈം നയത്തിൽ ഉൾപ്പെടും.
വൻകിട-ചെറുകിട തുറമുഖങ്ങളെ വികസിപ്പിച്ച് ഘട്ടംഘട്ടമായി ജലഗതാഗത സംവിധാനം വികസിപ്പിക്കും. ആദ്യഘട്ടത്തിൽ കാര്യക്ഷമമായ ചരക്കു ഗതാഗതം, തുടർന്ന് യാത്രാസേവനങ്ങൾ, അവസാനഘട്ടത്തിൽ ജലാശയങ്ങളെ ബന്ധിപ്പിച്ച് ഏകീകൃത നെറ്റ്വർക്ക് എന്നിവ സ്ഥാപിക്കും.
വിഴിഞ്ഞം ട്രാൻസ്ഷിപ്മെന്റ് ടെർമിനലിനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ബാലരാമപുരം-വിഴിഞ്ഞം ഭൂഗർഭ റെയിൽ, വിഴിഞ്ഞം-നാവായിക്കുളം ഒൗട്ടർ റിംഗ് റോഡ് എന്നീ പദ്ധതികൾക്കായുള്ള സ്ഥലമേറ്റെടുക്കലും നിർമാണ പ്രവർത്തനങ്ങളും വേഗത്തിൽ നടപ്പിലാക്കും.
തെക്കൻ കേരളത്തിന് സാന്പത്തിക ഇടനാഴിയും റെയർ എർത്ത് ആൻഡ്
ക്രിട്ടിക്കൽ മിനറൽസ് ഇടനാഴിയും
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ഉൾപ്പെടുത്തി ഏകീകൃത സാന്പത്തിക മേഖലയായി സംയോജിപ്പിക്കുന്ന ദക്ഷിണ കേരള സാന്പത്തിക ഇടനാഴിയും റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് ഇടനാഴിയും ബജറ്റിൽ പ്രഖ്യാപിച്ചു. ഇരുപദ്ധതികൾക്കുമായി 150 കോടി രൂപ വകയിരുത്തി.
തിരുവനന്തപുരത്തെ കേരളത്തിന്റെ നോളജ് ആൻഡ് സ്പേസ് ടെക്നോളജി ഹബ്ബായും കൊല്ലത്തെ ധാതുസംസ്കരണത്തിന്റെയും അപൂർവ ധാതുക്കളുടെയും കേന്ദ്രമായും ആലപ്പുഴയെ ഇന്ത്യയുടെ ബ്ലൂ ഇക്കോണമി കേന്ദ്രമായും മാറ്റുമെന്നാണു പ്രഖ്യാപനം. ഇതിന്റെ സാധ്യതകളെക്കുറിച്ചു വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതിനായി വിദഗ്ധ ഏജൻസിയെ നിയോഗിക്കും.
ലോജിസ്റ്റിക്സ്, സാങ്കേതിക വിദ്യ, ഉത്പാദനം, ഗവേഷണം, പ്രകൃതി വിഭവങ്ങൾ എന്നിവയെ ഒറ്റ വികസന ചട്ടക്കൂട്ടിലേക്കു ബന്ധിപ്പിക്കുന്നതിലൂടെ ദക്ഷിണ കേരള സാന്പത്തിക ഇടനാഴി ശക്തമായ സമ്മിശ്ര സന്പദ് വ്യവസ്ഥ സൃഷ്ടിക്കുമെന്നു ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഇതുവഴി സ്വകാര്യ നിക്ഷേപം ആകർഷിക്കാൻ സാധിക്കും. ഭാവിയിൽ കേരളത്തെ ഈ മേഖലയിൽ രാജ്യത്തെ തന്നെ മുൻനിര സ്ഥാനത്ത് എത്തിക്കുമെന്നു ബജറ്റ് പ്രതീക്ഷ പ്രകടിപ്പിച്ചു.
വിഴിഞ്ഞം തുറമുഖം, തീരദേശത്തെ നിർണായക ധാതുസന്പത്ത്, അപൂർവ ധാതുക്കളുടെ നിക്ഷേപങ്ങൾ, ബഹിരാകാശ-സാങ്കേതിക സ്ഥാപനങ്ങൾ, സമാനതകളില്ലാത്ത സാധ്യതകളുള്ള ഒരു ബ്ലൂ ഇക്കോണമി തുടങ്ങിയ ഘടകങ്ങളാണ് തെക്കൻ ജില്ലകളിൽ ഇടനാഴികൾക്കുള്ള സാധ്യതകൾ തുറന്നത്.